ഈ വർഷം ആദ്യം മുതൽ ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ കൂടി വരികയാണ്. രാജ്യത്ത് നിരവധി പേർക്കാണ് വിവിധ തട്ടിപ്പുകളിലൂടെ പണം നഷ്ടമായിരിക്കുന്നത്. ഇതിൽ തന്നെ പലർക്കും പണം നഷ്ടമായത് പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ പെട്ടാണ്. തട്ടിപ്പുകാർ ഇരയുടെ വിശ്വാസം തേടുന്നത് പുതിയ ജോലി വാഗ്ദാനം ചെയ്തോ എന്തെങ്കിലും ചെയ്യാൻ സഹായിക്കുന്നതിലൂടെയോ ആണ്. സമാനമായ ഒരു സംഭവത്തിലൂടെയാണ് പൂണെയിൽ നിന്നുള്ള ഒരു സ്ത്രീക്ക് 11 ലക്ഷം രൂപ നഷ്ടമായത്.
തന്റെ ബാങ്ക് അക്കൗണ്ടിന്റെ ഓൺലൈൻ സ്റ്റേറ്റ്മെന്റ് ലഭിക്കാൻ സഹായം തേടാൻ ശ്രമിച്ചാണ് യുവതിക്ക് പണം നഷ്ടപ്പെട്ടത്. പൊതുമേഖലാ ബാങ്കിൽ അക്കൗണ്ടുള്ള സ്ത്രീ ജൂലൈ 28ന് ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ബാങ്ക് അക്കൗണ്ടിന്റെ ഓൺലൈൻ സ്റ്റേറ്റ്‌മെന്റ് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് യുവതി ഓൺലൈനിൽ .ഹെൽപ്പ് ലൈൻ നമ്പർ തിരയുകയും ലഭിച്ച നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. റിമോട്ട് ആക്‌സസ് സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്‌താൽ സഹായിക്കാമെന്ന് യുവതിയുടെ ഫോൺ അറ്റൻഡ് ചെയ്‌ത വ്യക്തി പറഞ്ഞു. ഓൺലൈൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിന് ആ വ്യക്തിക്ക് തന്നെ സഹായിക്കാനാകുമെന്ന് വിശ്വസിച്ച്, അയാളുടെ നിർദ്ദേശപ്രകാരം ഒരു റിമോട്ട് ആക്‌സസ് സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്‌തു, കൂടാതെ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിൽ അപരിചിതനുമായി പങ്കുവെക്കുകയും ചെയ്തു.
ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിച്ച് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ലഭിക്കാൻ ശ്രമിക്കണമെന്ന് തട്ടിപ്പുകാർ അവളോട് ആവശ്യപ്പെട്ടു. അൽപ സമയത്തിന് ശേഷം ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 11 ലക്ഷം രൂപ പിൻവലിച്ചതായി യുവതി മനസിലാക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു.