തിരുവനന്തപുരം : ട്രഷറി ഓണ്‍ലൈന്‍ ശൃംഖലയിലെ തകരാര്‍ നീക്കാന്‍ ഇന്നു വൈകിട്ടു 6 മുതല്‍ മറ്റന്നാള്‍ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. പലവട്ടം ശ്രമിച്ചിട്ടും തീര്‍ക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. നാളെയും മറ്റന്നാളും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ആയതിനാലാണ് ഈ ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഇതേസമയം, ട്രഷറി പോര്‍ട്ടല്‍ വഴിയും മറ്റു സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴിയും ഓണ്‍ലൈനായി നടത്തുന്ന ഇടപാടുകളെല്ലാം 3 ദിവസത്തോളം മുടങ്ങും. ട്രഷറി ശൃംഖല തടസ്സപ്പെടുന്നതിനാല്‍ ഒരാഴ്ചയായി വകുപ്പുകളുടെ സാമ്പത്തിക ഇടപാടുകളും ശമ്പളം, പെന്‍ഷന്‍ വിതരണവും അവതാളത്തിലാണ്. ഈ മാസം ഒന്നിനും രണ്ടിനും അറ്റകുറ്റപ്പണി നടത്തിയിട്ടും തകരാര്‍ പരിഹരിക്കാനായിട്ടില്ല.
ഡേറ്റബേസ് പരിധി കവിഞ്ഞതിനാല്‍ ഡേറ്റ പുനഃക്രമീകരിച്ച് കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്ന പ്രവൃത്തിയാണ് ഇന്നു വീണ്ടും ആരംഭിക്കുന്നത്. ഇതു വിജയിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും ഇടപാടുകള്‍ മുടങ്ങും. 6 വര്‍ഷമായി തുടരുന്ന തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ട്രഷറിയെ ആശ്രയിച്ച് ഇടപാടു നടത്തുന്ന എല്ലാ വകുപ്പുകളും പ്രതിസന്ധിയിലാണ്. റജിസ്‌ട്രേഷന്‍ വകുപ്പാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.