അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി രാജ്യത്തെ സ്വദേശിവത്കരണ മാനവ വിഭവശേഷി മന്ത്രാലയം. അര്‍ദ്ധ വാര്‍ഷിക സ്വദേശിവത്കരണ നിരക്ക് പൂര്‍ത്തീകരിക്കാനുള്ള തീയ്യതി അടുത്ത 15 ദിവസത്തില്‍ അവസാനിക്കാനിരിക്കവെയാണ് ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച മന്ത്രാലയം പുതിയ അറിയിപ്പ് പുറത്തിറക്കിയത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. ഇതിന് സമയപരിധി നല്‍കിയിരിക്കുന്നതാവട്ടെ ജൂലൈ ഏഴാം തീയ്യതി വരെയും. അന്‍പതിലധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകവുമാണ്. ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍, നിയമിക്കാന്‍ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക.
കഴിഞ്ഞ വര്‍ഷം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന സ്വദേശിവത്കരണ നിബന്ധനകള്‍ പ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കേണ്ടത്. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറോടെ രണ്ട് ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ അടുത്ത ഒരു ശതമാനവും ഡിസംബറോടെ ശേഷിക്കുന്ന ഒരു ശതമാനവുമാണ് സ്വദേശികളെ നിയമിക്കേണ്ടത്. ഇത്തരത്തില്‍ 2026 ആവുമ്പോഴേക്കും ആകെ 10 ശതമാനം സ്വദേശികളെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉറപ്പാക്കാനാണ് യുഎഇ സര്‍ക്കാറിന്റെ തീരുമാനം. സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.