ന്യൂഡൽഹി: ഗുജറാത്തിൽ വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുടെ എണ്ണം പെരുകുന്നു. റിപ്പോർട്ട് അനുസരിച്ച് 2.38 ലക്ഷം തൊഴിൽ രഹിതരാണ് ഗുജറാത്തിലുള്ളത്. ഇവർ വിവിധ സർക്കാർ വകുപ്പുകളിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. ഇത്രയും തൊഴിൽരഹിതരുണ്ടായിട്ടും കഴിഞ്ഞ രണ്ടുവർഷത്തിനിടെ 32 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടുവർഷത്തിനിശട 29 ജില്ലകളിലായി രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരുടെ എണ്ണം 2,38,978 ആണ്. 10,757 പേർ ഭാഗികമായി തൊഴിൽ രഹിതരാണ്. ഇവരുടെ കൂടി കണക്കെടുക്കുമ്പോൾ ആകെ തൊഴിൽ രഹിതരുടെ എണ്ണം 2,49,735 ആകും.
രണ്ടുവർഷത്തിനിടെ ജോലി ലഭിച്ച 32 പേരിൽ 22 ഉം അഹ്മദാബാദിലുള്ളവർക്കാണ്. ഒമ്പതുപേർ ഭാവ്നഗറിലും ഒരാൾ ഗാന്ധിനഗറിൽ നിന്നുമാണ്. ആനന്ദിലാണ് ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ളതെന്ന്(21,633) വ്യവസായ മന്ത്രി ബൽവന്ത്സിങ് രാജ്പുട് പറഞ്ഞു. വഡോദരയാണ് തൊട്ടുപിന്നിൽ(18,732). അഹ്മദാബാദ് (16,400)മൂന്നാംസ്ഥാനത്തും. സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എമാരുടെ ചോദ്യത്തിന് മറുപടിയായാണ് പട്ടിക പുറത്തുവിട്ടത്.