കൊൽക്കത്ത : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. സ്കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബാർബർ ഷോപ്പുകൾ എന്നിവയും അടച്ചുപൂട്ടാൻ തീരുമാനിച്ചു. യു.കെയിൽ നിന്നുളള വിമാന സർവീസും നിർക്കലാക്കി. കഴിഞ്ഞ ദിവസം ബംഗാളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്.
നിലവിൽ 20 ഒമിക്രോൺ കേസുകളാണ് ബംഗാളിലുള്ളത്. ഒമിക്രോൺ കേസുകളുടെ വ്യാപനവും സംസ്ഥാന സർക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. രാജ്യത്താകമാനം കോവിഡ്, ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചു എന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇത് നിഷേധിച്ചു. ആഗോള തലത്തിലുണ്ടായ വർധനവാണ് രാജ്യത്തെയും വർധനവിന് കാരണമെന്നാണ് സർക്കാർ നിലപാട്.