ന്യൂഡല്‍ഹി : വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള ബില്‍ പഠിക്കാനുള്ള പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം-തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഷ്മിത ദേവ്. 31 അംഗ സമിതിയുടെ അധ്യക്ഷന്‍ ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയാണ്. വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം, യുവജന-സ്പോര്‍ട്സ് സമിതിയുടെ പരിഗണനയ്ക്ക് കഴിഞ്ഞ സമ്മേളനകാലത്താണു ബില്‍ വിട്ടത്. സമിതിയില്‍ കൂടുതല്‍ വനിതാ അംഗങ്ങളുണ്ടാവേണ്ടതായിരുന്നു എന്നു സുഷ്മിതയും എന്‍സിപി നേതാവ് സുപ്രിയ സുളെയും പറഞ്ഞു. സമിതിയിലെ പകുതി അംഗങ്ങളെങ്കിലും വനിതകളാകേണ്ടിയിരുന്നുവെന്നു വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്കിയ സമിതിയുടെ അധ്യക്ഷയായിരുന്ന ജയ ജയ്റ്റ്ലി പ്രതികരിച്ചു. എന്നാല്‍, കൂടുതല്‍ വനിതകളോട് അഭിപ്രായമാരായാന്‍ സമിതിക്കു കഴിയുമെന്നു മുതിര്‍ന്ന അംഗങ്ങളിലൊരാള്‍ പറഞ്ഞു.