തിരുവനന്തപുരം: കെ കെ രമ എം എല്‍ എയ്‌ക്കെതിരേ മുന്‍മന്ത്രി എം എം മണി നടത്തിയ പരാമര്‍ശം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിക്കലും പറയാന്‍ പാടില്ലാത്തതു പറഞ്ഞെന്നു മാത്രമല്ല, അതില്‍ ഉറച്ചുനിന്നുകൊണ്ട് വീണ്ടും രംഗത്തുവരുകയും ചെയ്തത് കേരളത്തിനു അപമാനകരമാണ്. സഭയക്കുള്ളിലോ പുറത്തോ ഇത്തരം പരാമര്‍ശങ്ങള്‍ ആരും നടത്താന്‍ പാടില്ല. അതുണ്ടാക്കുന്ന വേദനയുടെ ആഴം അനുഭവിക്കുന്നവര്‍ക്കേ അറിയൂ. മണിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതും സ്പീക്കര്‍ കണ്ടില്ലെന്നു നടിച്ചതും തെറ്റാണ്. എംഎല്‍എയെ തിരുത്താന്‍ മുഖ്യമന്ത്രി തുനിഞ്ഞില്ല. രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം എം മണി മാപ്പു പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
അതേസമയം കെകെ രമയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി ഇന്ന് വ്യക്തമാക്കിയത്. പരാമര്‍ശത്തിൽ ഖേദമില്ലെന്ന് എം എം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എംഎം മണി, എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്. കെകെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര് സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം.
നിയമസഭയിൽ ആർക്കും പ്രത്യക പദവി ഇല്ല. വിധവ അല്ലെ എന്ന് ഇന്നലെ ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയിൽ നിന്നാണ്. മഹതിയെന്ന് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്നാണ് വിധവയെന് വാക്ക് വന്നത്. അപ്പോൾ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് ഞാൻ പറഞ്ഞുവെന്നത് ശരിയാണ്. ടിപി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. ഇന്നലത്തെ പരാമർശം സിഎം പറഞ്ഞിട്ടല്ല . എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നും എംഎം മണി ചോദിച്ചു. ഒരു വർഷം നാല് മാസമായി രമ പിണറായിയെ വിമർശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്ന് വരെ വിളിച്ചു. വേദനിപ്പിക്കണം എന്നു ഉദ്ദേശിച്ചില്ല. പക്ഷേ തിരുത്തില്ലെന്നും മണി ആവര്‍ത്തിച്ച് വ്യക്തമാക്കി.