ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയുടെ പേരില്‍ പൊതുനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന പിണറായി വിജയന്‍റെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനത്തെ മാസ്ക് പോലും ധരിക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. സമരം ഈ രീതിയിൽ തന്നെ തുടരണമോ എന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആർക്കും അനുവാദമില്ല എന്നത് നിർഭാഗ്യകരമാണ്. കൊടിയില്ലെങ്കിൽ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്ത്രം ധരിക്കാൻ അനുവദിക്കാത്തത്. ഈ മനോഭാവം പാടില്ല.
നാഷണൽ ഹെറാൾഡ് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തങ്ങൾക്ക് രണ്ടു നിലപാടില്ല. കേസ് കെട്ടിച്ചമച്ചതാണ്. ദില്ലി പൊലീസ് വിലക്കിയാലും പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തു പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടങ്ങിയ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. കണ്ണൂരിൽ ഇന്നലെ രാത്രിയെത്തിയ മുഖ്യമന്ത്രിക്ക് ജില്ലയിൽ ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്. രാവിലെ 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാകും പിണറായി വിജയൻ എത്തുക. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കും. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി ഒൻപത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും.