കണ്ണൂർ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കെ സി ജോസഫ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് എന്നിവർക്കൊപ്പമാണ് കോടിയേരിയുടെ വീട്ടിൽ ഉമ്മൻചാണ്ടിയെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവർ ഉമ്മൻചാണ്ടി വീട്ടിലെത്തുമ്പോൾ ഉണ്ടായിരുന്നു. ഇവരോട് ഉമ്മൻചാണ്ടി വിവരങ്ങൾ തിരക്കി. ഉമ്മൻചാണ്ടി എത്തുമ്പോൾ സ്പീക്കർ എ എൻ ഷംസീറും വീട്ടിലുണ്ടായിരുന്നു. രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം കോടിയേരിയുമായി സൂക്ഷിച്ചിരുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോടിയേരിയുടെ വിയോഗം അപ്രതീക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക നേതാക്കളും ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
മരണദിവസം വീട്ടിലെത്താന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചിരുന്നില്ല. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മരണദിവസം കണ്ണൂരെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും സന്ദർശിച്ചു. കോടിയേരിയുടെ വീട്ടിലെത്തിയ കാനം ഭാര്യ വിനോദിനിയെയും മക്കളെയും ആശ്വസിപ്പിച്ചു. എൽഡിഎഫിന് തുടർ ഭരണം സാധ്യമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ആളായിരുന്നു കോടിയേരിയെന്ന് കാനം അനുസ്മരിച്ചു.