ബര്‍ലിന്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരുമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് തന്‍റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് പോയിരുന്നു. നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതുപ്പള്ളിയിലെ നാട്ടുകാര്‍ ആകെ വിഷമത്തിലായിരുന്നു.
പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മകൻ ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസം നിൽക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. ”ഞങ്ങൾക്ക് ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദർഭമില്ല. ചികിത്സ നിഷേധം നടത്തിയിട്ട് ഞങ്ങൾക്ക് എന്താണ് നേടാനുളളത്? ഏറ്റവും മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് കൊടുക്കണമെന്ന ആഗ്രഹമേയുള്ളൂ.
വ്യാജപ്രചരണം നടത്തുന്നത് മൂലം ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാണ്.” എന്നാണ് മകന്‍ പ്രതികരിച്ചത്. 31-ാം തിയതിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ 79-ാം പിറന്നാള്‍. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി ആശംസ അറിയിച്ചിരുന്നു. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഷാളണിയിച്ച് ആശംസ അറിയിച്ച ശേഷമാണ് മടങ്ങിയത്.