അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് ബംഗളൂരുവിൽനിന്ന് പ്രത്യേക എയർ ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളിഹൗസിലേക്ക് കൊണ്ടുപോയി. മൂന്ന് മണി മുതൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം സെന്റ് ജോർജ് കത്തീഡ്രലിലും ആറിന് ഇന്ദിര ഭവനിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രി പുതുപ്പള്ളി ഹൗസിലെത്തിക്കും.
ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
മുൻമന്ത്രി ടി. ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. തുടർന്ന് ഭൗതികശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.