ലഖ്നോ: യു.പിയിൽ അഖിലേഷ് യാദവിന്റെ സഖ്യത്തിലുണ്ടായിരുന്ന സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി വീണ്ടും എൻ.ഡി.എയിലേക്ക് തിരിച്ചെത്തി. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുവടുമാറ്റം. പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ബാർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച വിവരങ്ങൾ അമിത് ഷാ തന്നെയാണ് പുറത്ത് വിട്ടത്.
രാജ്ബാറിന്റെ വരവ് ഉത്തർപ്രദേശിൽ എൻ.ഡി.എയെ ശക്തിപ്പെടുത്തുമെന്ന് അമിത് ഷാ പറഞ്ഞു. ദാരിദ്ര നിർമാർജനത്തിനും താഴെക്കിടയിലുള്ളവരെ ഉയർത്തികൊണ്ടു വരാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വലിയ പ്രവർത്തനങ്ങളാണ് യു.പിയിൽ നടക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
എസ്.ബി.എസ്.പി നേതാവ് രാജ്ബാർ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പതകുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് അമിത് ഷായുമായും പാർട്ടി നേതാക്കൾ കൂടിക്കാഴ്ച നടത്തിയതും എൻ.ഡി.എയിലേക്കുള്ള തിരിച്ച് പോക്ക് പ്രഖ്യാപിച്ചതും.