കാസര്‍ഗോഡ് : പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവര്‍ത്തനം തുടങ്ങുന്നത്. നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മാസം ജില്ല സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി ഡിസംബര്‍ ആദ്യവാരം ഒപി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങിയില്ല. കൂടാതെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ സംരക്ഷണ കവചം തീര്‍ത്തു. പ്രതീകാത്മക ഒ.പി തുറന്നായിരുന്നു മുസ്‌ലിം ലീഗിന്റെ പ്രതിഷേധം. മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമാക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്ന് ഒപി പ്രവര്‍ത്തനം തുടങ്ങുന്നത്.