മലപ്പുറം: സംസ്ഥാനത്തെ ഏക പാൽപ്പൊടി യൂണിറ്റ് ആരംഭിക്കാൻ മിൽമ. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂർക്കനാട്ടിൽ ആണ് മിൽമ മെഗാ പൗഡറിംഗ് യൂണിറ്റ് ആരംഭിക്കുക. 12.5 ഏക്കറിൽ സ്ഥാപിക്കുന്ന യൂണിറ്റ് സംസ്ഥാനത്തെ ആദ്യത്തെ ഒരേയൊരു പാൽപ്പൊടി നിര്‍മ്മാണ ഫാക്ടറിയാകും. അടുത്ത വർഷം മാർച്ചോടെ യൂണിറ്റ് തുടങ്ങാനാകുമെന്നാണ് മിൽമ അധികൃതരുടെ പ്രതീക്ഷ. 100 കോടി രൂപ മുതൽ മുടക്കിലാണ് പാൽപ്പൊടി യുണിറ്റ് തയ്യാറാകുന്നത്.
ഇതിനു മുൻപ് ആലപ്പുഴയിൽ മിൽമയ്ക്ക് ചെറിയ പൗഡറിംഗ് യൂണിറ്റ് ഉണ്ടായിരുന്നു. എന്നാൽ ഒരു പതിറ്റാണ്ടിന് മുൻപ് ഇത് അടച്ചുപൂട്ടുകയായിരുന്നു. കോവിഡ് 19 മഹാമാരി സമയത്ത് വിൽക്കാൻ കഴിയാതെ ആയിരക്കണക്കിന് ലിറ്റർ പാൽ മിൽമയ്ക്ക് പ്രതിദിനം മിച്ചം വന്നിരുന്നു. ഇങ്ങനെ മിച്ചം വരുന്ന പാൽ കർണാടകയിലും തമിഴ്നാട്ടിലും കൊണ്ടുപോയാണ് പൊടിയാക്കി തിരിച്ച് കൊണ്ട് വരുന്നത്. എന്നാൽ പിന്നീട് ഇതിലും തടസ്സങ്ങൾ നേരിട്ടു.
ഇതിനെ തുടർന്നാണ് മിൽമ പുതിയ പൗഡറിംഗ് യൂണിറ്റിന്റെ പദ്ധതികൾ തയ്യാറാക്കിയത്. സ്വീഡിഷ് ബഹുരാഷ്ട്ര കമ്പനിയായ ടെട്രാ പാക്ക് ആണ് മിൽമയ്ക്കായി ആധുനിക പാൽപ്പൊടി നിര്‍മ്മാണ യന്ത്രങ്ങൾ നിർമ്മിക്കുന്നത്. ഈ യന്ത്രങ്ങൾക്ക് മാത്രം 51 കോടി രൂപയോളം ചെലവ് വരും. 54.5 കോടി രൂപയ്ക്കാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഭാവിയിൽ കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് മുന്നിൽ കണ്ടാണ് മിൽമ 100 കോടി രൂപയുടെ പദ്ധതിയിലേക്ക് എത്തിയത്. മലബാറിൽ ഡയറി പ്ലാന്റില്ലാത്ത ഏക ജില്ല മലപ്പുറം ആയതിനാലാണ് പൗഡറിങ് യുണിറ്റിനായി മൂർക്കനാട് തിരഞ്ഞെടുത്തതെന്ന് മിൽമ ചെയർമാൻ കെ. മണി പറഞ്ഞു.
ഒരു കിലോ പാൽപ്പൊടി ഉണ്ടാക്കാൻ 10 ലിറ്റർ പാൽ വേണ്ടിവരും. പാലിന് മാത്രം ഒരു കിലോഗ്രാമിന് 360 രൂപ വരും. വിപണിയിൽ ലഭ്യമായ ജനപ്രിയ ബ്രാൻഡുകളുമായി മിൽമ കടുത്ത മത്സരം നേരിടേണ്ടി വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മാസത്തിനുള്ളിൽ പാൽ പൊടിയാക്കാനുള്ള യന്ത്രങ്ങൾ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തങ്ങളും ഇതോടൊപ്പം നടക്കും.നിലവിൽ കേരളത്തിൽ പ്രതിദിനം 15 ലക്ഷം ലിറ്റർ പാലാണ് മിൽമ സംഭരിക്കുന്നത്, ഇതിൽ പകുതിയിലേറെയും മലബാറിൽ നിന്നാണ്. പൗഡറിങ് പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിദിനം 17 ലക്ഷം ലിറ്റർ വരെ സംഭരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മിൽമ അധികൃതർ.