ലക്നൗ: താജ്മഹലിലെ പൂട്ടിയിട്ട മുറികൾ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി. പൂട്ടിയിട്ട 20 മുറികളിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഉണ്ടോയെന്നറിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) പരിശോധിക്കാൻ ആവശ്യപ്പെടണമെന്നാണ് ഹർജി. അയോധ്യ ജില്ലയുടെ ബിജെപി മീഡിയ ചുമതല വഹിക്കുന്ന ഡോ. രജനീഷ് സിങ് ആണ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൽ ഹർജി നൽകിയത്.
‘താജ്മഹലുമായി ബന്ധപ്പെട്ട് ഒരു പഴയ വിവാദമുണ്ട്. താജ്മഹൽ ‘തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്ന് ചിലർ അവകാശപ്പെടുന്നു. താജ്മഹലിലെ 20 ഓളം മുറികൾ പൂട്ടിയിരിക്കുകയാണ്. ഇവിടെ ആർക്കും പ്രവേശനമില്ല. മുറികളെക്കുറിച്ചുള്ള വസ്തുത കണ്ടെത്താനായി ഒരു വിവരാവകാശ രേഖ ഫയൽ ചെയ്തിരുന്നു. എന്നാൽ ഈ മുറികൾ പൂട്ടിയിരിക്കുകയാണെന്നായിരുന്നു കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഡൽഹിയിലുള്ള കേന്ദ്ര വിവരാവകാശ കമ്മീഷനെ അറിയിച്ചത്. സുരക്ഷാ കാരണങ്ങൾ കൊണ്ട് കൂടുതൽ വിവരങ്ങളും ലഭ്യമായില്ല. എല്ലാ വഴികളും അടഞ്ഞതോടെയാണ് കോടതിയെ സമീപിച്ചത്.’ – രജനീഷ് സിങ് പറഞ്ഞു.