കല്‍പ്പറ്റ: കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ ‘ആഗ്’ റെയ്ഡിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 109 ഗുണ്ടകള്‍ പിടിയിലായി. ശനിയാഴ്ച രാത്രി നടത്തിയ പരിശോധയില്‍ വിവിധ സ്‌റ്റേഷന്‍ പരിധികളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ജില്ല പോലീസ് മേധാവി ആനന്ദ് ആര്‍ വ്യക്തമാക്കി. ലഹരിവില്‍പ്പനക്കാര്‍ക്കെതിരെയും കേസെടുത്ത് അഴിക്കുള്ളിലാക്കിയിട്ടുണ്ട്.
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍പ് നിരവധി തവണ പിടിയിലായവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. പിടിയിലായവരുടെ സ്റ്റേഷന്‍ തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. കല്‍പ്പറ്റ-ഏഴ് മേപ്പാടി-മൂന്ന്, വൈത്തിരി-അഞ്ച്, പടിഞ്ഞാറത്തറ-മൂന്ന്, കമ്പളക്കാട്-അഞ്ച്, മാനന്തവാടി-ഏഴ്, പനമരം-രണ്ട്, വെള്ളമുണ്ട-ആറ്, തൊണ്ടര്‍നാട്-നാല്, തലപ്പുഴ-അഞ്ച് തിരുനെല്ലി-മൂന്ന്, ബത്തേരി-15, അമ്പലവയല്‍-എട്ട്, മീനങ്ങാടി-ഒന്‍പത്, പുല്‍പ്പള്ളി-എട്ട്, കേണിച്ചിറ-10, നൂല്‍പുഴ-ഒന്‍പത് എന്നിങ്ങനെയാണ് മുന്‍കരുതല്‍ പ്രകാരം എടുത്തിട്ടുള്ള കേസുകളുടെ എണ്ണം.
സുല്‍ത്താന്‍ബത്തേരി സ്റ്റേഷന് കീഴിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്. പനമരം സ്റ്റേഷന് കീഴിലാണ് ഏറ്റവും കുറവ് പേര്‍ പിടിയിലായത്. രണ്ട് പേര്‍ മാത്രമാണ് ഇവിടെ അറസ്റ്റിലായിരിക്കുന്നുത്. ബാറുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പൊലീസ് വ്യാപക പരിശോധന നടത്തി. പൊതു സമാധാനത്തിന് അപകടം വരുത്തുന്നുവെന്ന് കണ്ടാണ് ഗുണ്ടകള്‍ക്കെതിരെയുള്ള നടപടി. ലഹരി ഉപയോഗത്തിനെതിരെയും വില്‍പ്പന എന്നിവക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്.
കൂടുതല്‍ അപകടകാരികളായ ഗുണ്ടകള്‍ക്കെതിരെയും ലഹരി മാഫിയയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിനായി കാപ്പാ നിയമപ്രകാരമുള്ള നടപടി എടുക്കാന്‍ എല്ലാ എസ്.എച്ച്.ഒ.മാര്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു. വരുംദിവസങ്ങളിലും ജില്ലയില്‍ കുറ്റവാളിക്കായുള്ള പരിശോധന തുടരും. പലയിടത്തും രഹസ്യനീക്കങ്ങള്‍ നടത്തിയാണ് തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പോലീസ് പൊക്കിയത്.












