തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കി. വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. കൂടാതെ കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്.
വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം എഡിജിപി എം ആർ അജിത് കുമാർ, ഗതാഗത കമ്മീഷണറും എഡിജിപിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിലെയും മോട്ടോർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.