ദില്ലി: സൈബർ സംവിധാനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ഓപ്പറേഷൻ ചക്രയുമായി സിബിഐ. രാജ്യത്ത് 105 ഇടത്ത് സിബിഐ ഉൾപ്പെട്ട സംഘം പരിശോധന നടത്തി. ഒന്നര കോടി രൂപയും ഒന്നര കിലോ സ്വർണ്ണവും റെയ്ഡിൽ പിടികൂടിയെന്നാണ് ഔദ്യോഗിക വിവരം.
സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാല് സ്ഥലങ്ങളിലും ദില്ലിയിലെ അഞ്ച് സ്ഥലങ്ങളിലും ചണ്ഡീഗഡിലെ മൂന്ന് സ്ഥലങ്ങളിലും പഞ്ചാബ്, കർണാടക, അസം എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ നടന്നിട്ടുണ്ട്. ഇന്റർപോൾ, അമേരിക്കയിൽ നിന്നുള്ള എഫ്ബിഐ, കാനഡയിൽ നിന്നുള്ള റോയൽ കനേഡിയൻ മൗണ്ടൻ പോലീസ്, ഓസ്ട്രേലിയയിൽ നിന്നുള്ള ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് എന്നിവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ രാജ്യത്തെമ്പാടും റെയ്ഡ് നടത്തിയത്. വിദേശ പൗരന്മാരെ കോൾ സെൻ്ററുകൾ വഴി ബന്ധപ്പെട്ട് ബാങ്ക് വിവരങ്ങളും മറ്റും ശേഖരിച്ച് നടത്തുന്ന ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു നടപടികൾ.