തേഞ്ഞിപ്പലം: ‘ഓപറേഷന്‍ കുബേര’യുടെ വീര്യം കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍നിന്ന് ഉള്‍പ്പെടെ വട്ടിപ്പലിശ സംഘങ്ങള്‍ സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുന്നു. 2014ല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ തുടങ്ങിയ നിയമനടപടിയുടെ കാര്‍ക്കശ്യം കുറഞ്ഞതോടെയാണ് മലയോര മേഖലകളില്‍ അടക്കം മാഫിയ വീണ്ടും സജീവമായത്.
റിസര്‍വ് ബാങ്ക് നിശ്ചയിച്ചതിലും അധികം പലിശക്ക് പണം കടം കൊടുക്കുകയും തിരിച്ചുപിടിക്കാന്‍ വളഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെയായിരുന്നു വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടി. ചെറുകിടക്കാര്‍ മുതല്‍ വമ്പന്മാര്‍ വരെ കുടുങ്ങിയ ഓപറേഷന്‍ കുബേരയുടെ രണ്ടാംഘട്ടം ടി.പി. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ നടപ്പാക്കിയെങ്കിലും പിന്നീട് നടപടികള്‍ പേരിനു മാത്രമാകുകയായിരുന്നു. അമിതപലിശയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പൊതുജനങ്ങള്‍ക്ക് അറിയിക്കാന്‍ മിഷന്റെ രണ്ടാംഘട്ടത്തില്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍ വരെ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കിള്‍, സബ് ഡിവിഷന്‍, ജില്ല പൊലീസ് ആസ്ഥാന ഓഫിസുകളിലും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ച പ്രസിദ്ധീകരിച്ച ഫോണ്‍ നമ്പറിലെ സേവനം നിലവില്‍ ലഭ്യമല്ല. പൊലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. എല്ലാ ജില്ല പൊലീസ് മേധാവിമാരുടെയും നോഡല്‍ ഓഫിസര്‍മാരുടെയും ഫോണ്‍ നമ്പര്‍, ഇ-മെയില്‍, എസ്.എം.എസ്, വാട്സ്ആപ് നമ്പര്‍, തുടങ്ങിയവ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ജനമൈത്രി പൊലീസ് യോഗങ്ങളിലൂടെയും പരിപാടികളിലൂടെയും കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയും ബ്ലേഡ് മാഫിയയെ സംബന്ധിച്ച ബോധവത്കരണം നടത്തണമെന്ന നിര്‍ദേശവും പഴങ്കഥയായി. 2014 മേയ് 12ന് തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കൂട്ട ആത്മഹത്യ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓപറേഷന്‍ കുബേര തുടങ്ങിയത്. എന്നാല്‍, ഇതുസംബന്ധിച്ച് നിലവില്‍ കാര്യമായ പരാതികളുണ്ടാകുന്നില്ലെന്നും പരാതികള്‍ ലഭിച്ചാല്‍ നടപടിയെടുക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.