കണ്ണൂർ: അനധികൃതമായി മുൻഗണനാ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവരെ കുടുക്കി പൊതുവിതരണ വകുപ്പിന്റെ ഓപറേഷൻ യെല്ലോ. പരിശോധനയിൽ 351 മുൻഗണന കാർഡുകൾ പിടികൂടി. അനർഹമായി റേഷൻ സാധനങ്ങൾ വാങ്ങിയതിന് 4,21,580 രൂപ പിഴയും ഈടാക്കി.മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക്, നീല എന്നീ കാർഡുകൾ അനർഹമായി കൈവശംവെച്ചവരെ കണ്ടെത്താനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓപറേഷൻ യെല്ലോ. താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ റേഷൻ ഇൻസ്പെക്ടർമാരാണ് മുന്നറിയിപ്പില്ലാതെ വീടുകളിലെത്തി പരിശോധന നടത്തുന്നത്.
ജില്ലയിൽ കൂടുതൽ കാർഡുകൾ പിടികൂടിയത് ഇരിട്ടി താലൂക്കിലാണ്-136. തളിപ്പറമ്പ് 79, തലശ്ശേരി 57, കണ്ണൂർ 52, പയ്യന്നൂർ 27 എന്നിങ്ങനെയാണ് താലൂക്കടിസ്ഥാനത്തിലുള്ള കണക്ക്. 182 മുൻഗണന-പിങ്ക്, 119 സബ്സിഡി-നീല, 50 അന്ത്യോദയ അന്നയോജന-മഞ്ഞ എന്നീ കാർഡുകളാണ് ഇതിലുള്ളത്.അനർഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്നും പകരം അർഹരായവർക്ക് സബ്സിഡി കാർഡുകൾ അനുവദിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസർ കെ. അജിത്ത് കുമാർ പറഞ്ഞു.മുൻഗണന കാർഡ് പിഴയില്ലാതെ തിരിച്ചേൽപിക്കാൻ സർക്കാർ 2021 ജൂലൈ മാസം വരെ അവസരം നൽകിയിരുന്നു. അതിനുശേഷവും അർഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയവരിൽനിന്നാണ് പിഴ ഈടാക്കിയത്. ഒരു കിലോ അരിക്ക് 40 രൂപ വില നിശ്ചയിച്ച് ഒരു വർഷം വാങ്ങിയ സാധനങ്ങളുടെ തുകയാണ് ഈടാക്കുന്നത്.
പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആഡംബര-ആദായ നികുതി അടക്കുന്നവർ, സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപന ജീവനക്കാർ, സർവിസ് പെൻഷൻകാർ, 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ സ്വന്തമായുള്ളവർ, നാലുചക്ര വാഹനമുള്ളവർ, വിദേശത്തോ സ്വദേശത്തോ സ്വകാര്യ കമ്പനിയിലോ പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവരുടെ കുടുംബം എന്നിവർക്കാണ് മുൻഗണന കാർഡിന് അർഹതയില്ലാത്തത്.