ആഗ്ര: സ്വവർഗ ബന്ധത്തെ എതിർത്തതിൻ്റെ പേരിൽ 55 കാരനായ പിതാവിനെ കൊലപ്പെടുത്തിയ മകനും സുഹൃത്തുക്കളും അറസ്റ്റിൽ. മകനുൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ തിങ്കളാഴ്ച്ചയാണ് സംഭവം. കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അന്തപാടയിലെ ടാക്സി ഡ്രൈവറായ മോഹൻലാൽ ശർമയെ മകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്. ലോഹ പാത്രത്തിനുള്ളിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ കമ്പിപ്പാര ഉപയോഗിച്ചുള്ള ആക്രമണത്തിൻ്റെ അടയാളങ്ങളും ഉണ്ടായിരുന്നു.”കൊല്ലപ്പെട്ടയാളുടെ അവിവാഹിതനായ മകൻ അജിത്തിന് കേസിലെ കൂട്ടുപ്രതിയായ കൃഷ്ണ വർമ്മ (20) എന്നയാളുമായി സ്വവർഗ ബന്ധമുണ്ടായിരുന്നു. ഇരുവരും അവരുടെ രണ്ട് സുഹൃത്തുക്കളായ ലോകേഷ് (21), ദീപക് (22) എന്നിവർക്കൊപ്പം കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു.” -എസ്പി ത്രിഗുൺ ബിസെൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ, കൃഷ്ണ അജിത്തിനെ തൻ്റെ ഭർത്താവായി കണക്കാക്കിയിരുന്നതായും അവനെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ബന്ധത്തെച്ചൊല്ലി അജിത്ത് പിതാവുമായി പതിവായി വഴക്കിടാറുണ്ടായിരുന്നു. മെയ് ഒന്നിന് മോഹൻലാൽ കൃഷ്ണയെയും അജിത്തിനെയും മർദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മെയ് 2ന് രാത്രിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. കട്ടിലിനടിയിൽ ഒളിപ്പിച്ച മൃതദേഹം പിന്നീട് മെയ് 3 ന് രാത്രി തീകൊളുത്തിയതിന് ശേഷം പെട്ടിക്കുള്ളിലാക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായും ഇവരെ ജയിലിലേക്ക് അയച്ചതായും എസ്പി കൂട്ടിച്ചേർത്തു. മോഹൻലാലിൻ്റെ ഏക മകനായ അജിത് ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്. അജിതിന്റെ അമ്മ വർഷങ്ങൾക്ക് മുമ്പേ മരിച്ചു പോയിരുന്നു. അഞ്ച് വർഷം മുമ്പ് അജിത്ത് കൃഷ്ണയുമായി സൗഹൃദത്തിലാവുകയും അവർ പ്രണയത്തിലാവുകയുമായിരുന്നു.