തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപിക്കുന്ന പകർച്ചപ്പനിയിൽ ഇടത് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. മാലിന്യ സംസ്കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി ടി.വി. ഇബ്രാഹിം കുറ്റപ്പെടുത്തി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ഇബ്രാഹിം ആവശ്യപ്പെട്ടു.സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണെന്നും വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലില്ലെന്നും മന്ത്രി വീണ ജോർജ് സഭയിൽ വിശദീകരിച്ചു. 2013, 2017ലാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടിയത്. എന്നാൽ, അത് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു. എലിപ്പനി കൂടാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും ശക്തമായ നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പ് പനി പിടിച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടിയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നുവെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി.
പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. പോരായ്മകൾ ചോദ്യം ചെയ്യപ്പെടും. തിരുവനന്തപുരം നഗരമധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ ശുചീകരണം ഏറ്റവും മോശമായ വർഷമാണെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തെ പ്രതിരോധിച്ച തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് തെരഞ്ഞെടുപ്പ് കമീഷന്‍റെ മാർഗനിർദേശങ്ങൾ ഉള്ളതു കൊണ്ടാണ് യോഗങ്ങൾ ചേരാൻ കഴിയാഞ്ഞതെന്ന് മറുപടി നൽകി. മഴ പെയ്താൽ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, മഴക്കാലപൂർവ ശുചീകരണത്തിന് കമീഷന്‍റെ വിലക്കുണ്ടായിരുന്നില്ലെന്നും യോഗം ചേരുന്നതിന് മാത്രമാണ് വിലക്കെന്നും വി.ഡി. സതീശന്‍ തദ്ദേശ വകുപ്പ് മന്ത്രിക്ക് മറുപടി നൽകി. സംസ്ഥാനത്ത് മലിനജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പൊതുജനാരോഗ്യത്തിൽ സർക്കാറിന് ശ്രദ്ധയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.