കോഴിക്കോട് : കെ-റെയില്‍ സംബന്ധിച്ച് പ്രതിപക്ഷ ആശങ്കകൾ ശരിവയ്ക്കുന്നതാണ് ഡി.പി.ആറെന്ന് വി ഡി സതീശൻ. എംബാങ്ക്‌മെന്റ് 55% ആണെന്ന് ആദ്യം കരുതി. എന്നാല്‍ ആകെ ദൂരത്തിന്റെ 62% എംബാങ്കമെന്റ് ആയിരിക്കുമെന്ന് ഡി.പി.ആർ പറയുന്നു. ചുരുക്കത്തിൽ 292km അല്ല, 328km ദൂരത്തിലാണ് എംബാങ്ക്‌മെന്റ് ഉയരുന്നത്. പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ എട്ടു മീറ്റര്‍ വരെ നാല്‍പ്പത് അടിയോളം ഉയരത്തിലാണ് എംബാങ്ക്‌മെന്റ് നിര്‍മ്മിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ പാതയ്ക്ക് ഇരുവശവും മതില്‍ കെട്ടുമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ മതിലല്ല വേലിയാണ് കെട്ടുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാൽ 200km ഓളം ദൂരത്തില്‍ ഇരുവശവും മതില്‍ കെട്ടുമെന്ന് ഡി.പി.ആറില്‍ പറയുന്നു. ആ മതിലില്‍ പരസ്യം നല്‍കി പണമുണ്ടാക്കണമെന്നും ഡി.പി.ആറില്‍ നിര്‍ദ്ദേശമുണ്ട്. മഴക്കാലത്തും പ്രളയകാലത്തും പ്രശ്‌നമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ കൊറിഡോര്‍ തന്നെ വെള്ളം നിറഞ്ഞ് ഡാം പോലെയാകുമോയെന്ന സംശയവും ഡി.പി.ആറിലുണ്ട്. ഇതൊക്കെയാണ് പ്രതിപക്ഷവും പറഞ്ഞത്.
ഒരു ദിവസം മുഴുവന്‍ മഴ പെയ്താല്‍ പിറ്റേദിവസം വെള്ളപ്പൊക്കമുണ്ടാകുന്നൊരു സംസ്ഥാനത്ത് ഇത് വലിയൊരു ദുരന്തം വിളിച്ചുവരുത്തും. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല കെ-റെയില്‍ കടന്നു പോകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അതിന് അപ്പുറവും ഇപ്പുറവും പരിസ്ഥിതി ലോല പ്രദേശങ്ങളുണ്ട്. മുപ്പത് മീറ്റര്‍ പരിസരത്ത് ഒരു തരത്തിലുള്ള നിര്‍മ്മാണവും അനുവദിക്കില്ല. 328കിമി നീളത്തില്‍ എംബാങ്ക്‌മെന്റും ഇരുനൂറിലേറെ കിലോ മീറ്റര്‍ നീളത്തില്‍ ഇരുവശവും നിര്‍മ്മിക്കുന്ന മതിലിനും എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്നു പോലും ഡി.പി.ആറില്‍ പറയുന്നില്ല. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ഉത്കണ്ഠകളും അടിവരയിടുന്നതാണ് ഡി.പി.ആര്‍. നിയമ വിരുദ്ധമായാണ് സര്‍ക്കാര്‍ കെ-റെയില്‍ എന്ന് രേഖപ്പെടുത്തി കല്ലിട്ടത്. നിയമം ലംഘിച്ചത് സര്‍ക്കാരാണ് അല്ലാതെ കല്ല് പിഴുതെറിഞ്ഞവരല്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.