ദില്ലി : രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഭിന്നത രൂക്ഷം. പ്രതിപക്ഷ നിരയിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപദി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ നിലപാട് തീരുമാനിക്കാൻ ജെഎംഎം നാളെ യോഗം ചേരും. ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
17 പാർട്ടികളുടെ പിന്തുണയോടെയാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നേരത്തെ പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചത്. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ എൻസിപി അധ്യക്ഷൻ ശരത് പവാറാണ് യശ്വന്ത് സിൻഹയുടെ പേര് മുന്നോട്ടുവച്ചത്. മത്സരിക്കാൻ തൃണമൂലിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി യശ്വന്ത് സിൻഹ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷ നിര ഉയർത്തിക്കാട്ടിയ ശരത് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെയാണ് യശ്വന്ത് സിൻഹയ്ക്ക് നറുക്ക് വീണത്.
എന്നാൽ ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപദി മുർമുവിനെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ നിരയിൽ ചില വിള്ളലുകൾ ഉണ്ടായത്. പ്രതിപക്ഷത്തെ ചില നേതാക്കളെ നേരിൽവിളിച്ച് ദ്രൗപദി മുർമു പിന്തുണ തേടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പിന്തുണ ഉറപ്പാക്കാൻ ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ യശ്വന്ത് സിൻഹ പുറപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തിയ ശേഷം ഈ മാസം 27ന് അദ്ദേഹം പത്രിക സമർപ്പിക്കും.