കൊച്ചി: വികസന പ്രവർത്തനങ്ങൾ പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനിക രീതി ലോകമെമ്പാടും സ്വീകരിക്കുമ്പോൾ കേരളത്തിന്‍റെ പരിസ്ഥിതിയെ തകർക്കുന്ന വികസന പ്രക്രിയയുമായി സി പി എം കാലത്തിനു പിന്നേ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്‍റെ പരിസ്ഥിതിയെ തകർക്കുന്ന കെ റെയിൽ പദ്ധതിയെ ജനഹിതത്തോടൊപ്പം നിന്ന് എതിർക്കുന്ന കോൺഗ്രസ്സാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് സതീശൻ പറഞ്ഞു. എറണാകുളം ഡി സി സി യിൽ സബർമതി പഠന ഗവേഷണകേന്ദ്രം കെ റയിൽ കീറി മുറിക്കാത്ത കേരളത്തിനായി എന്ന വിഷയത്തിൽ നടത്തിയ പ്ലബിസൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നൽകിയ ഒരു അബദ്ധ പഞ്ചാംഗമാണ് കെറയിലിന്‍റെ ഡി പി ആർ എന്ന് സതീശൻ പറഞ്ഞു. ചെരുപ്പിനൊത്തു കാലു മുറിക്കുന്നതു പോലെ ജയ്ക്കയുടെ ലോണിന്‍റെ നിബന്ധനയ്ക്കനുസരിച്ച് ബ്രോഡ്ഗേജ് സ്റ്റാൻഡേർഡ് ഗേജ് ആക്കിയിരിക്കുന്നു. തങ്ങൾക്ക് താൽപര്യമില്ലാതെയാണ് ഡി പി ആറിൽ സ്റ്റാൻഡേർഡ് ഗേജ് എന്നെഴുതിയത് എന്ന് ഡി പി ആർ തയ്യാറാക്കിയ ഫ്രഞ്ച് ഏജൻസി സിസ്ട്ര തന്നെ ആമുഖത്തിൽ പറഞ്ഞത് രസാവഹമായ കാര്യമാണ്. കെ റെയിലല്ല കമ്മീഷനാണ് മുഖ്യമെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
4 ലക്ഷം ടൺ കരിങ്കല്ല് മാത്രം ആവശ്യമുള്ള വിഴിഞ്ഞം പദ്ധതി കല്ലിന്‍റെ ക്ഷാമം നിമിത്തം പണി പൂർത്തിയാക്കാൻ പറ്റാതിരിക്കുമ്പോൾ 28 ലക്ഷം ടൺ കരിങ്കല്ല് ആവശ്യമുള്ള കെ റെയിലിന് കല്ല് എവിടെ നിന്ന് കിട്ടുമെന്നത് അജ്ഞാതമാണെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. ബഫർ സോണായ 30 മീറ്ററിൽ മാത്രമല്ല ഒരു കിലോമീറ്റർ പരിസരത്തു പോലും താമസിക്കാൻ ആളുകൾ ബുദ്ധിമുട്ടുമെന്ന് അദ്ദേഹം പറഞ്ഞു. സിസ്ട്ര തയ്യാറാക്കിയ ഡി പി ആറിലെ തെറ്റുകൾ ഉദാഹരണ സഹിതം സവ്യക്തമാക്കിയാണ് ബിഹേവിയറൽ എനർജി വിദഗ്ദൻ ഡോ സി ജയരാമൻ സംസാരിച്ചത്. സി ആർ നീലകണ്ഠൻ, പത്രപ്രവർത്തക എം സുചിത്ര, ഡോ എം.സി ദിലീപ് കുമാർ, ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ഡോ. ടി. എസ് ജോയി, ഷൈജു കേളന്തറ എന്നിവർ പ്രസംഗിച്ചു.
അതേസമയം സിൽവർ ലൈനിൽ കോൺഗ്രസിനുള്ളിൽ വ്യത്യസ്ത നിലപാടുമായി കെ വി തോമസ് രംഗത്തെത്തി. വൻകിട പദ്ധതികളെ കണ്ണടച്ച് എതിർക്കേണ്ട കാര്യമില്ലെന്ന് കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിപക്ഷമെന്നാൽ എന്തിനേയും കണ്ണടച്ച് എതിർക്കുന്നവരാകരുത്. വികസന കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ചർച്ച ചെയ്ത് സമവായമുണ്ടാക്കണം. പദ്ധതികളുടെ മെറിറ്റാകണം പരിഗണിക്കേണ്ടത്. പ്രതിപക്ഷമെന്നാൽ എന്തിനേയും വൻകിട പദ്ധതികളെ എതിർക്കാനുളളവരെന്ന നില വന്നാൽ സംസ്ഥാനത്തിന്റെ വികസനം മുരടിക്കും. വൻകിട പദ്ധതികൾക്ക് കേന്ദ്ര സഹായം തേടുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട കെ വി തോമസ്, കെ റെയിൽ ഉൾപടെയുളള പദ്ധതികൾ പരിസ്ഥിതി സൗഹ്യദ മാകണമെന്നും കൂട്ടിച്ചേർത്തു.