ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷ തീരുമാനം. ഇന്ന് പാർലമെന്‍റിൽ ഇന്ത്യ സഖ്യം വിഷയം ഉന്നയിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും വിഷയം ലോക്സഭയിൽ ഉന്നയിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. നീറ്റ് വിഷയം ശക്തമായി ഉന്നയിക്കണമെന്ന് യോഗത്തിൽ പാർട്ടികളുടെ പ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു. ഇതോടെയാണ് വിഷയത്തിൽ പാർലമെന്‍റിലടക്കം ആഞ്ഞടിക്കാൻ യോഗം തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ട് ഇന്ന് സഭയിൽ നോട്ടീസ് നൽകുകയും ചെയ്യും.