തിരുവനന്തപുരം : നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം. ആവശ്യമായ സുരക്ഷയും എസ്കോർട്ടും പൈലറ്റും നൽകാനാണ് എല്ലാ ജില്ലാ പോലീസ് മേധാവികളോടും നിർദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. ഇടുക്കിയിൽ വിദ്യാർഥി കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം ഉയർന്ന സാഹചര്യം വിലയിരുത്തിയാണ് നടപടി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചിരുന്നു. സെഡ് കാറ്റഗറിയിൽനിന്ന് വൈ പ്ലസിലേക്കാണ് മാറ്റിയത്. ഇതോടെ പൈലറ്റ് വാഹനം ഒഴിവായി. സുരക്ഷ 2 ഗൺമാൻമാരിലേക്കു ചുരുങ്ങി. സുരക്ഷ കുറച്ചത് വലിയ കാര്യമല്ലെന്നും ശേഷിക്കുന്ന ഔദ്യോഗിക വസതിയും കാറും സർക്കാർ ആവശ്യപ്പെട്ടാല്‍ തിരിച്ചു നൽകാൻ തയാറാണെന്നുമായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.