ദില്ലി: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ദില്ലിയിൽ തുടങ്ങി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആർഎസ്‍പി, സമാജ്‍വാദി പാർട്ടി, ആർഎൽഡി, ശിവസേന, എൻസിപി, ഡിഎംകെ, പിഡിപി, എൻസി, ആർജെഡി, ജെഡിഎസ്, ജെഎംഎം, സിപിഐഎംഎൽ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മമത ബാനർജി വിളിച്ച യോഗത്തിൽ അഖിലേഷ് യാദവും പങ്കെടുക്കുന്നുണ്ടെങ്കിലും ടിആർഎസ്, ബിജെഡി, ആം ആദ്മി പാർട്ടി, അകാലിദൾ എന്നിവർ വിട്ടുനിർക്കുകയാണ്.
അതേസമയം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് കഴിഞ്ഞ ദിവസം തിരിച്ചടിയേറ്റിരുന്നു. സ്ഥാനാർത്ഥിയാകാനില്ലെന്ന് ഇടത് നേതാക്കളെ അറിയിച്ച ശരദ് പവാർ, ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പവാർ വിമുഖത അറിയിച്ചത്. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ ഇടതുനേതാക്കളെ അറിയിച്ചു.
പവാർ പിൻവാങ്ങിയതിനാൽ, ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും.