ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് എം.പിമാർ പ്രതിഷേധിച്ചത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി അടക്കമുള്ളവർ പങ്കെടുത്തു.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും സഭയിൽ വരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരിയും മണികാം താഗോറും ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അംഗങ്ങൾ നോട്ടീസ് നൽകി.
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്നു. പാർലമെന്‍റ് സെൻട്രൽ ഹാളിൽ ചേർന്ന യോഗത്തിൽ മുഴുവൻ എം.പിമാരും പങ്കെടുത്തു.