ഡല്‍ഹി: മീഡിയവൺ ചാനലിന്റെ വിലക്കിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാർ. വിഷയം സഭയിൽ ഉന്നയിച്ചത് കെ.സി വേണുഗോപാൽ എം.പിയാണ്. മീഡിയവൺ വിലക്കാൻ ഉണ്ടായ കാരണം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ എം.പിമാർ ഒന്നടങ്കം ഈ ആവശ്യം ഉന്നയിച്ചു. ദേശസുരക്ഷയുടെ പേരിൽ മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്താൻ ശ്രമിക്കരുതെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
കേരളത്തിന് പുറത്തുനിന്നുള്ള പ്രതിപക്ഷ കക്ഷിയിലെ എം.പിമാരും സഭയിൽ ചാനൽ വിലക്കിനെതിരെ ശബ്ദമുയർത്തി. പ്രതിഷേധ ശബ്ദങ്ങൾക്കൊടുവിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുഗൻ ചോദ്യത്തിന് മറുപടി നൽകി. മീഡിയവൺ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം സഭയെ അറിയിച്ചു. ചാനലിന് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. യൂ ട്യൂബിലും ഫേസ് ബുക്കിലും ട്വിറ്ററിലുമായി 60 ചാനലുകളെ നിരോധിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഈ ചാനലുകളെ നിരോധിച്ചതെന്നും കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗൻ അറിയിച്ചു. ഇത് 1975 അല്ല എന്നും അടിയന്തരാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.