ദില്ലി : അദാനി വിവാദത്തിൽ നാളെ മുതൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയ നടപടി വിമർശന വിധേയമാക്കും. സാഹചര്യം അവലോകനം ചെയ്യാൻ ഖർഗെയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ചോദ്യങ്ങളും പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്ത നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മോദി – ആദാനി ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി തുടങ്ങി വച്ച വിമർശനം മറ്റ് നേതാക്കളും ഏറ്റെടുക്കുയും പാർലമെന്റ് സമ്മേളനം കലുഷിതമാകുകയുമായിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ ഏകപക്ഷീയമായി നേരിടുകയാണ് സ്പീക്കറെന്ന ആരോപണവും രാജ്യസഭയിൽ നിന്ന് ഉയർന്നു കേട്ടു. ഇതിനിടെയാണ് പ്രതിപക്ഷ പാർട്ടികൾ അദാനി വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുന്നത്.
എന്നാൽ ഹിന്റൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ അദാനി വിവാദത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ എതിർപ്രചാരണങ്ങളെ നേരിടാൻ ബിജെപിയും നീക്കം തുടങ്ങി. അദാനി – മോദി ബന്ധം ആരോപിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പാർട്ടികൾ വലിയ തോതിൽ പ്രതിഷേധിച്ചിരുന്നു. ആരോപണങ്ങൾ ഒടുവിൽ രേഖകളിൽ നിന്ന് നീക്കം ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് മുൻനിർത്തി ആരോപണങ്ങളെ നേരിടാൻ അടവുകളുമായി ബിജെപി കളം നിറയാൻ ഒരുങ്ങുന്നത്.
രാഷ്ടീയ ഭേദമന്യേ അദാനിയെ പല സർക്കാരുകളും സഹകരിപ്പിച്ചെന്ന വാദമുയർത്തുകയാണ് പ്രധാന നീക്കം. ഗാന്ധി കുടുംബത്തിനെതിരായ അഴിമതി ആരോപണങ്ങളും പ്രചാരണായുധമാക്കും. പാർട്ടി, സർക്കാർ തലങ്ങളിൽ വിവാദം അവഗണിക്കാനും തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം. മോദി – അദാനി ചിത്രങ്ങൾ രാഹുൽ ഗാന്ധി ലോക്സഭയിലുയർത്തിയതോടെ അശോക് ഗെലോട്ട്, റോബർട്ട് വദ്ര തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ ബിജെപിയും ആയുധമാക്കിയിരുന്നു. എന്നാൽ മോദി – അദാനി ബന്ധം ആരോപിച്ച പ്രസംഗങ്ങളിലെ ഭാഗങ്ങളെല്ലാം ലോക്സഭയിലെയും രാജ്യസഭയിലെയും രേഖകളിൽ നിന്ന് നീക്കം ചെയ്തതിരുന്നു. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുടെയും ഒടുവിലായി ജയറാം രമേശിന്റെയും പരാമർശങ്ങളാണ് സഭാ രേഖയിൽ നിന്ന് നീക്കം ചെയ്തത്.
ഇതിനിടെ ഓഹരി ഈട് നൽകി അദാനി ഗ്രൂപ്പ് കൂടുതൽ തുക വായ്പ എടുത്തിരിക്കുകയാണ്. അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികളുടെ ഓഹരികൾ ഈടായി നൽകിയാണ് വായ്പ എടുത്തത്. അദാനി എന്‍റെർപ്രൈസസിന്‍റെ വായ്പാ തിരിച്ചടവിനായാണ് വീണ്ടും വായ്പയെടുത്തിരിക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ പേരിലെടുത്ത വായ്പാ തിരിച്ചടവിന് വിവിധ ബാങ്കുകൾക്ക് പണം തിരിച്ചടയ്ക്കേണ്ടതുണ്ട്. എസ്ബിഐ ക്യാപ് ട്രസ്റ്റീസ് ഇന്നലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ നൽകിയ വിവരങ്ങളിലാണ് ഇടപാടിനെക്കുറിച്ച് അറിയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹോദര സ്ഥാപനമാണ് എസ്ബിഐ ക്യാപ് ട്രെസ്റ്റീസ്. അദാനി പോർട്സ് 7500000 ഓഹരികളാണ് ഈട് നൽകിയത്. ആകെ ഓഹരിയുടെ .35 ശതമാനം വരുമിത്. നേരത്തെ തന്നെ 0.65 ശതമാനം ഓഹരികൾ എസ്ബിഐ കാപ് ട്രസ്റ്റീയിൽ ഈട് നൽകിയിരുന്നു. ഇതോടെ ആകെ ഒരു ശതമാനം അദാനി പോർട്സ് ഓഹരികൾ എസ്ബിഐ ക്യാപ് ട്രസ്റ്റീയിൽ ഈട് നൽകി. സമാനമായ നിലയിൽ അദാനി ട്രാൻസ്മിഷന്റെ 13 ലക്ഷം ഓഹരികളും അദാനി ഗ്രീൻ എനർജിയുടെ 60 ലക്ഷം ഓഹരികളും ഈട് നൽകിയിട്ടുണ്ട്.