തിരുവനന്തപുരം: എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്. പിവി അൻവർ എംഎൽഎയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി വെളിപ്പെടുത്തിയത്. ഗുരുതരമായ മറ്റു ആരോപണങ്ങൾക്കൊപ്പമായിരുന്നു ഇതും. എന്നാൽ ഘടകകക്ഷികളിൽ നിന്നുൾപ്പെടെ വിമർശനം നേരിട്ടിട്ടും അന്വേഷണം പ്രഖ്യാപിച്ചിരുന്നില്ല. എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്.