ന്യൂഡൽഹി: ടോൾ പ്ലാസകളിലെ ഫാസ് ടാഗ് സാങ്കേതികവിദ്യ പരിഷ്കരിക്കാൻ ഉത്തരവിട്ട് ദേശീയപാത അതോറിറ്റി. ഫാസ് ടാഗ് സംവിധാനത്തിലെ പിഴവു മൂലം ടോൾപ്ലാസകളിൽ വാഹനങ്ങൾ മണിക്കൂറുകൾ കുടുങ്ങുന്നതടക്കം പരാതികൾ പതിവായതോടെയാണ് ഇടപെടൽ.
കാലപ്പഴക്കം ചെന്നവക്ക് പകരം പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ സ്ഥാപിക്കണം. ഇലക്ട്രോണിക്സ് -ഐ.ടി മന്ത്രാലയം അംഗീകരിച്ചവരിൽനിന്ന് മാത്രമാണ് സാങ്കേതിക ഉപകരണങ്ങൾ വാങ്ങാനാവുകയെന്നും അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ട്.
ടോൾപ്ലാസകളിൽ സമയാസമയങ്ങളിൽ പരിശോധന നടത്തും. ഉപകരണങ്ങളുടെ തകരാറ് മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ ബന്ധപ്പെട്ട കരാറുകാരെ പുറത്താക്കും. പരാതി പരിഹാരത്തിന് എൻജിനീയർമാരെ വിന്യസിക്കാനും ദേശീയപാത അതോറിറ്റിക്ക് പദ്ധതിയുണ്ട്.