കോഴിക്കോട്: ആനക്കംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതക്കും അനുബന്ധ റോഡ് നിർമാണത്തിനും തിരുവനമ്പാടി, കോടഞ്ചേരി വില്ലേജിൽ ഉൾപ്പെട്ട 27.55 ഏക്കർ (11.15ഹെക്ടർ) ഭൂമി ഏറ്റെടുക്കുന്നതിന് നടപടികളുമായി മുന്നോട്ട് പോകുന്നതിന് അംഗീകാരം. പദ്ധതി സംബന്ധിച്ച് സാമൂഹ്യാഘാതപഠനം നടത്തുന്നതിന് മെയ് 25ന്ഉ ത്തരവിട്ടിരുന്നു.
പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ പരാതികൾ കേൾക്കുന്നതിന് നേരത്തെ പബ്ലിക് ഹിയറിങ്ങും നടത്തിയിരുന്നു. തുടർന്ന് പദ്ധതി സംബന്ധിച്ച് സാമൂഹ്യാഘാത പഠനം നടത്തുന്നതിന് കണ്ണൂർ ഡോൺബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിനെ ചുമതലപ്പെടുത്തി. സാമൂഹ്യാഘാതപഠനത്തിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ ഭരണകുടത്തിന് സമർപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട് വിലയിരുത്തുന്നതിനായി കോഴിക്കോട് കലക്ടർ വിദഗ്ധ സമിതിയും രൂപീകരിച്ചു. വിദഗ്ദ സമിതിയും ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകണമെന്നാണ് നിർദേശം നൽകിയത്. തുടർന്ന് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകണമെന്ന് കലക്ടറുടെ ശുപാർശ ഈമാസം 16ന് സർക്കാരിന് സമർപ്പിച്ചു. കലക്ടറുടെയും വിദഗ്ധ സമിതിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് റവന്യൂ അഡീഷണൽ സെക്രട്ടറി ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ ഉത്തരവായത്.