മുംബൈ: ഓൺലൈനിൽ വൈൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ 27കാരനായ പ്രവാസിയിൽ നിന്ന് സൈബർ കുറ്റവാളി 1.54 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
യു.എസിലെ ബാങ്ക് ജീവനക്കാരനായ യുവാവ് അവധിക്കായി മുംബൈയിൽ എത്തിയതായിരുന്നു. വൈൻ ഷോപ്പ് ജീവനക്കാരനെന്ന വ്യാജേനയാണ് പ്രതി അന്താരാഷ്ട്ര കാർഡ് വിവരങ്ങൾ ചോർത്തിയത്. പരാതി ലഭിച്ച് മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ പണം കൈമാറ്റം ചെയ്യുന്നത് തടഞ്ഞു.
സുഹൃത്തുക്കളടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് യുവാവിന് വൈൻ കടയുടെ നമ്പർ ലഭിച്ചത്. ഓൺലൈനിൽ നിന്നാണ് നമ്പർ കിട്ടിയതെന്ന് സുഹൃത്ത് അറിയിച്ചു. 5,500 രൂപക്കാണ് യുവാവ് വൈൻ ഓർഡർ ചെയ്തത്. ഒരു തവണ കൂടി ഓർഡർ ചെയ്യാനായി വിളിച്ച സമയത്താണ് തട്ടിപ്പ് അരങ്ങേറിയത്. ഉടൻ ഡെലിവറി ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി ക്രെഡിറ്റ് കാർഡ് സ്വന്തമാക്കിയതെന്ന്
കേസ് അന്വേഷിക്കുന്ന മലബാർ ഹിൽ പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ ടീക്കാറാം ഡിഗെ പറഞ്ഞു. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. നഷ്ടപ്പെട്ട തുക കുറച്ചു ദിവസങ്ങൾക്കുള്ളിൽ തിരികെ ലഭിക്കും.