തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അച്ഛനമ്മമാർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് തനിച്ചായ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ശിശുക്ഷേമസമിതി കുഞ്ഞിനെ ഏറ്റെടുത്തത്. കവിളാകുളത്താണ് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍ (Stephen-45), ഭാര്യ പ്രമീള (37) എന്നിവരെയാണ് ഫെബ്രുവരി 28ന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വെവ്വേറെ സംസ്കരിച്ചു.
സ്റ്റീഫന്‍ ആറയൂര്‍ നിവാസിയും പ്രമീള മാറാടി സ്വദേശിയുമാണ്. വൈകീട്ട് അഞ്ചുമണിക്കാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഇരുവരും തൂങ്ങിമരിച്ച വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലേക്കും കുഞ്ഞിനെ മാറ്റിയിരുന്നു. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്റ്റീഫന്‍ ക്വാറി തൊഴിലാളിയാണ്.
രണ്ടര വർഷത്തോളമായി സ്റ്റീഫനും പ്രമീളയും ഒരുമിച്ചാണ് താമസം. സ്റ്റീഫന് വേറെ ഭാര്യയും മക്കളുമുണ്ട്. പ്രമീളയും വിവാഹിതയാണ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. സ്റ്റീഫന്റെ മൃതദേഹം നിലത്ത് മരിച്ച് കിടക്കുന്ന നിലയിലും പ്രമീളയുടേത് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരവരുടെയും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റീഫനെ ആറയൂരിലും പ്രമീളയെ പാറശാല വൈദ്യുതി ശ്മശാനത്തിലുമാണ് സംസ്കരിച്ചത്.
രണ്ടര വർഷമായി ഒരുമിച്ച് താമസിച്ച് വരികയാണെങ്കിലും ഇരുവരും നിയമപ്രകാരം വിവാഹിതരല്ല, അതിനാലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. ഇവരുടെ കുടുംബം കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായാൽ, വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനമെടുക്കും.