കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ എന്ന നിലപാട് ശരിയല്ല. കല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ താനടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ അക്രമികള്‍ മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
പാമ്പാടി ദയറയില്‍ ബിജെപി നേതാവ് എന്‍ ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയത്. ആളുകളുടെ വ്യക്തിത്വ വികസനമാണ് ആര് എസ് എസ് ലക്ഷ്യമെന്നാണ് താന്‍ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര് എസ് എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു.