കൊച്ചി: സഭാതർക്കവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന സ്വകാര്യ ബില്ലിനെതിരെ ഓർത്തഡോക്സ് സഭ. സ്വകാര്യ ബിൽ ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. തർക്കമുള്ള ഓരോ പള്ളിയുടെയും ഭരണം പ്രാദേശികമായി ട്രസ്റ്റുകൾ രൂപീകരിച്ച് കൈമാറണം എന്നതാണ് ബില്ലിലെ കാതലായ നിർദ്ദേശം.
കഴിഞ്ഞ ദിവസം യാക്കോബായ സഭയും സ്വകാര്യ ബില്ലിനെതിരെ രംഗത്തു വന്നിരുന്നു. ജൂലൈ ഒന്നിന് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ എൽദോസ് കുന്നപ്പള്ളിക്ക് സ്പീക്കർ അനുമതി നൽകിയിരുന്നു. അതേസമയം യുഡിഎഫ് നേതൃത്വം അനുമതി നൽകിയാൽ മാത്രമേ ബിൽ അവതരിപ്പിക്കു എന്ന് കുന്നപ്പള്ളി വ്യക്തമാക്കി. സഭാതർക്കത്തിന് പരിഹാരം എന്ന നിലയിൽ എൽദോസ് അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ ബില്ലുമായി യാക്കോബായ സുറിയാനി സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഭയുമായോ സഭാ ഭാരവാഹികളുമായോ ആലോചിക്കാതെയാണ് നടപടിയെന്നും യാക്കോബായ സുറിയാനി സഭ പ്രതികരിച്ചു. മറ്റാരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയോ, രാഷ്ട്രീയ ലാഭമോ ആണ് ബില്ല് അവതരണത്തിന് പിന്നിലെന്നും സഭ കുറ്റപ്പെടുത്തിയിരുന്നു.