ഹൈദരാബാദ്: അധികൃതർ അനുമതി നിഷേധിച്ചെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം മെയ് ഏഴിന് തന്നെ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് കോൺഗ്രസ് പാർട്ടി നേതാക്കൾ വ്യക്തമാക്കി. സർവകലാശാലയിലെത്തി വിദ്യാർഥികളുടെ പ്രശ്നങ്ങളറിയാൻ അവരുമായി സംവദിക്കുമെന്നും കോൺഗ്രസ് എം.പി ഉത്തം കുമാർ റെഡ്ഡി പറഞ്ഞു.
റെഡ്ഡിയും മറ്റ് കോൺഗ്രസ് നേതാക്കളും രാഹുലിന് സന്ദർശനാനുമതി നിഷേധിച്ച സർവകലാശാല നടപടിയെ അപലപിച്ചു. ബി.ജെ.പി നേതാക്കൾക്ക് സർവകലാശാല സന്ദർശിക്കാം, പരിപാടികളിൽ പങ്കെടുക്കാം, മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെയും കെ. രാമറാവുവിന്റെയും ജൻമദിനങ്ങൾ ആഘോഷിക്കാം എങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ നേതാവിന് അനുമതി നിഷേധിച്ചുവെന്ന് അവർ ചോദിച്ചു. സർവകലാശാല കെ.സി.ആറിന്റെ സ്വകാര്യസ്വത്താണോയെന്നും ഉത്തം കുമാർ റെഡ്ഡി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനം രാഷ്ട്രീയോദ്ദേശ്യത്തോടെയുള്ളതല്ല. ഹോസ്റ്റലും മെസ്സും സന്ദർശിക്കുകയും വിദ്യാർഥികളോട് തൊഴിലില്ലായ്മയെ കുറിച്ച് സംവദിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.