കൊച്ചി: മോഷണ ബൈക്കിൽ കറങ്ങി നടന്ന് മാല പിടിച്ച് പറിക്കുന്ന അന്യസംസ്ഥാന സംഘം പിടിയിൽ. പഞ്ചാബ് അതസർ പിപ്പൽവാലി സ്വദേശി ബണ്ടി എന്ന വിളിക്കുന്ന നന്ദകിഷോർ (37), ഉത്തർപ്രദേശ് സ്വദേശി ഗുദീപ് സിംഗ് (26) ബൈക്ക് മോഷണങ്ങളിൽ ഇവരുടെ കൂട്ടാളിയായ പഞ്ചാബ് ഹോഷിയാപ്പൂർ ജനോഡി സ്വദേശി വികാസ് ദാൽ (24) എന്നിവരെയാണ് എറണാകുളം ഹിൽ പാലസ് പൊലീസ് പിടികൂടിയത്.
സംശയ സാഹചര്യത്തിൽ കണ്ട ഇവരെ കാക്കനാട് കഴിക്കാട് ഭാഗത്ത് നിന്നുമാണ് പൊലീസ് പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ അമ്പലമുഗൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പിടിച്ചു പറിച്ചെടുത്തതായും കൂടാതെ വാഹനവും മോഷ്ടിച്ചയായും, ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ടു സ്ത്രീകളുടെ മാല പിടിച്ചു പറിച്ചതായും സമ്മതിച്ചു.
കൊച്ചി റിഫൈനറിയിൽ ഷട്ട് ഡൗൺ വർക്കിനായി മൂന്നു മാസം മുൻപാണ് ഇവർ കൊച്ചിയിലെത്തിയത്. തുടർന്ന് കൂടുതൽ പണ സമ്പാദനം ലക്ഷ്യമിട്ട് ഇവർ മാല പിടിച്ചു പറിയിലേക്കും മോഷണത്തിലേക്കും തിരിയുകയായിരുന്നു. പ്രതികളുടെ കൈയിൽ നിന്ന് നിരവധി താക്കോലുകളും വാഹനങ്ങളുടെ ലോക്ക് തകർക്കുന്ന ഉപകരണങ്ങളും, മോഷ്ടിച്ച മാലകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിൽ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ഗോപകുമാർ, എസ്.ഐ പ്രദീപ് എം, രേഷ്മ വി.ആർ, രാജൻ, വി പിളള എ.എസ്.ഐ മാരായ സന്തോഷ് എം.ജെ. രാജീവ്നാഥ്, കെ പോലീസുദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.