മലപ്പുറം : നിലമ്പൂരിൽ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ ശേഷം , മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി , രൂപമാറ്റം വരുത്തിയെന്ന് നിഗമനം. രക്തക്കറ കണ്ടെത്താൻ ഷൈബിൻ അഷ്‌റഫിന്റെ ഇരുനില വീടിന്റെ കുളിമുറിയിൽ നിന്നും പുറത്തേക്കുള്ള പൈപ്പുകളുടെ ഭാഗങ്ങൾ മുറിച്ചു ഫോറൻസിക് സംഘം സാമ്പിൾ ശേഖരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല. കൊലയെക്കുറിച്ച് ആദ്യം വെളിപ്പെടുത്തൽ നടത്തിയ കൂട്ടുപ്രതി നൗഷാദുമായി ഷൈബിൻ അഷ്‌റഫിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു തെളിവെടുപ്പ്. രണ്ടു വർഷം മുമ്പ് വൈദ്യനെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെ കുളിമുറിയിൽ വെച്ചാണ് വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി എന്നായിരുന്നു നൗഷാദിന്റെ മൊഴി. കുളിമുറിയുടെ ടൈലുകൾ മാറ്റിയ നിലയിലാണ്. രക്തക്കറയും മറ്റു ആവശിഷ്ടങ്ങളും കണ്ടെത്താൻ കുളിമുറിയിൽ നിന്നും താഴോട്ടുള്ള പൈപ്പുകൾ മുറിച്ചു സാമ്പിളുകൾ ശേഖരിച്ചു.
കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം വലിച്ചെറിഞ്ഞെന്ന് പറയുന്ന എടവണ്ണ സീതി ഹാജി പാലത്തിലും അടുത്ത ദിവസം നൗഷാദിനെ തെളിവെടുപ്പിന് എത്തിക്കും. റിമാൻഡിലുള്ള മുഖ്യ പ്രതി ഷൈബിൻ അശ്‌റഫിനെയും മറ്റു രണ്ടു പേരെയും കസ്റ്റഡിയിൽ ലഭിക്കാൻ അടുത്ത ദിവസം പോലീസ് അപേക്ഷ നൽകും. പിടിയിലാകാനുള്ള നാല് പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. 2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം.
ഒന്നേ കാൽ വര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിഞ്ഞു.
പ്രതികൾ ആസൂത്രണം ചെയ്ത പോലെ കൊലപാതക വിവരം പുറത്താരും അറിഞ്ഞില്ലെങ്കിലും ഇരുകൂട്ടരും തമ്മിൽ ഇതിനിടെ തെറ്റിപ്പിരിഞ്ഞു. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടയിലാണ് 2022 ഏപ്രിൽ 24-ന് തൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊള്ളനടത്തി എന്ന പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചത്. തന്നെ വീട്ടിൽ ബന്ദിയാക്കി ഏഴ് ലക്ഷം രൂപയും ലാപ്പ്ടോപ്പും മൊബൈലും കവർന്നു എന്നായിരുന്നു പരാതി.
ഈ കേസിൽ ഷൈബിൻ്റെ മുൻകൂട്ടാളിയായ അഷ്റഫ് എന്നയാളെ പോലീസ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പിടികൂടി. ഇതിന് തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റു പ്രതികൾ ആത്മഹത്യ നാടകം നടത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവെരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പോലീസ് കസ്റ്റഡിലെടുത്തു. ചോദ്യം ചെയ്യല്ലിൽ തങ്ങൾക്ക് ഷൈബിൻ അഹമ്മദ് എന്നയാളിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഇവർ പറഞ്ഞു, ഇതേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞതും മോഷണക്കേസിലെ പരാതിക്കാരനായ ഷൈബിൻ കൊലക്കേസിൽ പ്രതിയായതും.
കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും മലപ്പുറം എസ്.പി സുജിത്ത് ദാസ് വ്യക്തമാക്കി. മൈസൂരിൽ കാണാതായ ഷാബാ ഷെരീഫ് തന്നെയാണ് നിലമ്പൂരിൽ കൊല്ലപ്പെട്ടതെന്ന് തെളിയിക്കുകയാണ് അന്വേഷണത്തിൽ പോലീസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. വെട്ടിനുറുക്കി ചാലിയാറിലേക്ക് എറിഞ്ഞ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല എന്നതും കൊലപാതകം നടന്ന് രണ്ട് വർഷമാവുന്നു എന്നതും അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിക്കും.
ഷാബാ ഷെരീഫിനെ കാണാതായതിൽ മൈസൂരിവിലെ സരസ്വതിപുര സ്റ്റേഷനിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് അന്വേഷണത്തിൽ മലപ്പുറം പൊലീസ് മൈസൂരു പോലീസുമായി സഹകരിക്കുന്നുണ്ടെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കുറ്റക്കാരെന്ന് തെളിയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മലപ്പുറം എസ്.പി പറഞ്ഞു. പോലീസിന് പ്രതികളുടെ പെൻഡ്രൈവിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ ചങ്ങലയിൽ ബന്ധിപ്പിച്ച നിലയിലാണ് ഷാബാ ഷെരീഫുള്ളത്. ഏതാണ്ട് ഒന്നേകാൽ വർഷത്തോളം തടവിൽ ക്രൂരപീഡനത്തിന് ഇയാൾ ഇരയായി എന്നാണ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത്.
ഷാബാ ഷെരീഫിനെ പാർപ്പിച്ച വീട്ടിൽ ഇതേ കാലയളവിൽ ഷൈബിൻ്റെ ഭാര്യയും ഉണ്ടായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് ഈ സ്ത്രീക്ക് എന്തെങ്കിലും വിവരമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ ആഡംബര വീട്ടിൽ ശുചിമുറിയോട് കൂടി പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് ഒന്നേകാൽ വർഷത്തോളം ഷാബാ ഷെരീഫിനെ പൂട്ടിയിട്ടത്. പുറത്തേക്ക് ശബ്ദം കേൾക്കാത്ത തരത്തിൽ അടച്ചുപൂട്ടിയ നിലയിലായിരുന്നു ഈ മുറി.
ഷൈബിൻ്റേയും കൂട്ടാളികളുടേയും ചവിട്ടേറ്റ് കൊലപ്പെട്ട ഷാബാ മുഹമ്മദിന്റെ മൃതദേഹം ഒരു ദിവസം ഈ മുറിയിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം ശുചിമുറിയിലേക്ക് മാറ്റിയാണ് വെട്ടിതുണ്ടമാക്കിയത്. തട്ടിക്കൊണ്ടു പോകാനും കൊലപാതകം ചെയ്യാനും മൃതദേഹം മറവു ചെയ്യാനും എല്ലാം മുഖ്യആസൂത്രകനായി നിന്നത് ഷൈബിൻ മുഹമ്മദാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. നിലവിൽ അറസ്റ്റിലായവർ കൊലപാതകത്തിലും തട്ടിക്കൊണ്ടു പോകലിലും പങ്കുള്ളവെരാണ്. തട്ടിക്കൊണ്ടു പോകലിൽ പങ്കുള്ള ചില പ്രതികൾ കൂടി കേസിൽ ഇനി അറസ്റ്റിലാവാൻ ഉണ്ട്.