പാലക്കാട്: ഒറ്റപ്പാലത്ത് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ച ആഷിഖിന്‍റെ ശരീരത്തിലുണ്ടായിരുന്നത് അഞ്ച് മുറിവുകളെന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തി. നെഞ്ചിൽ നാല് കുത്തുകള്‍ ആഴത്തിലേറ്റിരുന്നു. ഇതാണ് മരണകാരണം.
കഴുത്തിലും കുത്തേറ്റിരുന്നു. ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പ്രതി മുഹമ്മദ് ഫിറോസിനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 17 നാണ് അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ആഷിഖിനെ മുഹമ്മദ് ഫിറോസ് കൊന്ന് കുഴിച്ച് മൂടിയത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നതും മൃതദേഹം പുറത്തെടുത്തതും.
ഏഴ് വർഷം മുൻപ് നടന്ന മോഷണക്കേസിൽ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പോലീസ് പിടികൂടിയതാണ് ആഷിഖിന്‍റെ കൊലപാതകം പുറത്തറിയാന്‍ കാരണമായത്. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഫിറോസും ആഷിഖും. മൊബൈൽ കട കുത്തിത്തുറന്ന കേസിലെ പ്രതികളായിരുന്നു ഇരുവരും. തിങ്കളാഴ്ച്ചയാണ് ഫിറോസിനെ ഓങ്ങല്ലൂരിൽ വെച്ച് പോലീസ് പിടികൂടിയത്. കൂട്ടു പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് നല്‍കിയ മൊഴി. ഉച്ചയോടെ ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി മുളഞ്ഞൂർ തോടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തി.