കൊച്ചി : കൊച്ചി കോർപ്പറേഷനിലെ ഓവർസിയർ എ സ്വപ്നയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലൻസ് സംഘം പിടികൂടിയിരുന്നു. കൊച്ചി കോർപ്പറേഷൻ മേയറാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന വിജിലൻസിന്റെ പിടിയിലായത്. മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. തൃശൂർ വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി.അനിലിന് മുന്നിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.