അമിതവണ്ണമുള്ള കുട്ടികളില്‍ ഹൃദ്രോഗവും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും ഉണ്ടാകാമെന്നു ജോര്‍ജിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുട്ടികളുടെ വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഇവരില്‍ പിന്നീട് ഗുരുതര ഹൃദ്രോഗ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും പീഡിയാട്രിക് ഒബ്സിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
600ലധികം കുട്ടികളുടെയും കൗമാരക്കാരുടെയും യുവാക്കളുടെയും വയറിനു ചുറ്റുമുള്ള കൊഴുപ്പും രക്തധമനികളുടെ കാഠിന്യവുമാണ് ഗവേഷണത്തിന്‍റെ ഭാഗമായി വിലയിരുത്തിയത്. വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞതായി കണ്ടെത്തിയ കുട്ടികളുടെ രക്തധമനികളിലും ഇത്തരത്തില്‍ കൊഴുപ്പിന്‍റെ സാന്നിധ്യം മൂലം ദൃഢത അനുഭവപ്പെടുന്നതായി ഗവേഷകര്‍ പറയുന്നു. രക്തധമനികള്‍ കട്ടിയാകും തോറും ഇതിലൂടെയുള്ള രക്തയോട്ടത്തിന്‍റെ വേഗം വര്‍ധിക്കുകയും ഇത് ഹൃദയ സംവിധാനത്തിന്‍റെ താളം തെറ്റിക്കുകയും ചെയ്യുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോര്‍ജിയ സര്‍വകലാശാല അസിസ്റ്റന്‍റ് പ്രഫസര്‍ ജോസഫ് കിന്‍ഡ്ലര്‍ പറഞ്ഞു.
ഹൃദ്രോഗത്തിലേക്കും ഹൃദയ സ്തംഭനത്തിലേക്കുമൊക്കെ ഭാവിയില്‍ നയിക്കുന്ന പ്രതികൂലമായ മാറ്റങ്ങള്‍ കുട്ടിക്കാലത്തോ കൗമാരകാലത്തോ തന്നെ ആരംഭിക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഡ്യുവല്‍ എനര്‍ജി എക്സ്റേ അബ്സോര്‍പ്ടിയോമെട്രി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗവേഷകര്‍ കുട്ടികളുടെ ശരീരത്തിലെ കൊഴുപ്പ് അളന്നത്. സാധാരണ ഗതിയില്‍ എല്ലിന്‍റെയും ഹോര്‍മോണുകളുടെയും ഗവേഷണത്തില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. പരമ്പരാഗത സ്കാനുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എല്ലാം തന്നെ വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും കാര്യമായ റേഡിയേഷന്‍ ഇല്ലാതെ തന്നെ അറിയാന്‍ ഈ സങ്കേതം സഹായിക്കുന്നു.
ശരീരത്തിന്‍റെ മധ്യഭാഗത്ത് നിന്നും താഴത്തെ പാദങ്ങളിലേക്ക് രക്തം എത്താനുള്ള വേഗവും ഗവേഷകര്‍ വിലയിരുത്തി. രക്തധമനികളുടെ കാഠിന്യം അളക്കുന്നതിന് ഇത് സഹായകമാണ്. ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്സ് ഉള്ള കുട്ടികളിലാണ് രക്തധമനികളുടെ കാഠിന്യം കൂടുതല്‍ കണ്ടെത്തിയതെന്നും കിന്‍ഡ്ലര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പൊക്കെ മുതിര്‍ന്നവരില്‍ മാത്രം കണ്ടിരുന്ന ടൈപ്പ് 2 പ്രമേഹം കൂടുതല്‍ കുട്ടികളില്‍ കാണപ്പെടുന്നതിന്‍റെ ആശങ്കയും ഗവേഷണ റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. അമിതവണ്ണമാണ് ഇതിന്‍റെയും പ്രധാന കാരണം. ഗവേഷണത്തില്‍ പങ്കെടുത്ത കുട്ടികളില്‍ 145 പേര്‍ക്ക് പ്രമേഹവും കണ്ടെത്തി. തലച്ചോറിനെയും വൃക്കകളെയും എല്ലുകളെയും കരളിനെയുമെല്ലാം അമിതവണ്ണം ബാധിക്കുമെന്നതിനാല്‍ ഇത് തടയാനുള്ള വഴികളെ കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.