പഴയങ്ങാടി: മാടായി പോർക്കലി സ്റ്റീൽസിനു മുന്നിലെ സിഐടിയു സമരം തുടർന്നാൽ കട അടച്ചുപൂട്ടുമെന്ന് ഉടമ ടി.വി.മോഹൻലാൽ. കഴിഞ്ഞ ദിവസം ചുമട്ടു തൊഴിലാളികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ കടയുടമയ്ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയിരുന്നു.
അതു വെറുമൊരു പ്രസംഗമായി കാണുന്നില്ലെന്നും അതുകൊണ്ടു തന്നെ ഇന്നലെ കടയിലേക്കു പോയിട്ടില്ലെന്നും ഉടമ പറഞ്ഞു. സ്ഥാപനം ഇന്നലെയും തുറന്നിരുന്നു. ജീവനക്കാരുമുണ്ടായിരുന്നു. രാവിലെ തന്നെ സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തിയെങ്കിലും സമരക്കാർ അവിടേക്കു വരുന്നതു കണ്ടതിനാൽ വിൽപന നടത്തിയില്ല. കട തുറക്കാൻ പൊലീസ് സംരക്ഷണത്തിനു കോടതി നിർദേശമുണ്ട്. ആവശ്യപ്പെടുമ്പോൾ പൊലീസ് സംരക്ഷണം നൽകണമെന്നാണു കോടതി നിർദേശമെന്നും ഇന്നലെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഉടമ വ്യക്തമാക്കി.
അടുത്ത ബുധനാഴ്ച 2 ലോഡ് സാധനങ്ങൾ കടയിലേക്കു വരുന്നുണ്ട്. അന്നു പൊലീസ് സംരക്ഷണം ആവശ്യപ്പെടും. അപ്പോൾ സാധനങ്ങൾ ഇറക്കാൻ കഴിഞ്ഞില്ലെങ്കിൽ കട പൂട്ടുമെന്നും അല്ലാതെ രക്ഷയില്ലെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം, കടയ്ക്കു മുന്നിലെ സമരം ശക്തമാക്കാനാണ് സിഐടിയു തീരുമാനം. ഇന്നലെയും 2 ചുമട്ടുതൊഴിലാളികൾ, കട തുറന്നതു മുതൽ അടയ്ക്കുന്നതുവരെ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. കടയിലെ സാധനങ്ങൾ കയറ്റിറക്കു നടത്താനുള്ള അവകാശം തങ്ങൾക്കാണെന്നാണ് സിഐടിയു തൊഴിലാളികളുടെ വാദം. കടയിൽ തൊഴിലാളികളുണ്ടെന്നും അവർ അതു ചെയ്തു കൊള്ളുമെന്നും കടയുടമയും നിലപാടെടുത്തു.