കോഴിക്കോട്: ബൈക്കില്‍ ചാരായം കടത്തവെ യുവാവ് എക്സൈസിന്റെ പിടിയിലായി. താമരശ്ശേരി കട്ടിപ്പാറ വില്ലേജില്‍ കേളന്മൂല ഭാഗത്തുള്ള വട്ടപ്പൊയില്‍ മനീഷ് ശിവന് (35) ആണ് പിടിയിലായത്. അഞ്ച് ലിറ്റര്‍ ചാരായം പള്‍സര്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടു വരവെയാണ് മനീഷിനെ എക്സൈസ് പിടികൂടിയത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചമല്‍ കേളന്മൂല ഭാഗത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ഥിരം ചാരായ വാറ്റ് കേന്ദ്രമായ ചമല്‍ കേളന്മൂല ഭാഗങ്ങളില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ് നശിപ്പിക്കാറുണ്ടെങ്കിലും വാറ്റ് സംഘത്തെ പിടികൂടാന്‍ സാധിക്കാറില്ലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന് ദാസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിഇഒ മാരായ മനീഷ്, ആഷ് കുമാര്‍, ഡ്രൈവര്‍ ഷിദിന്‍ എന്നിവര്‍ പങ്കെടുത്തു.