തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കണമെന്ന നിർദ്ദേശത്തെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ എതിർത്ത പി.ജയരാജന്‍ പാർട്ടിയിൽ ഒറ്റപ്പെട്ടു. പി.ശശിക്ക് അയോഗ്യതയില്ലെന്നും ഒരു തെറ്റിന് ആജീവനാന്ത ശിക്ഷയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.മന്ത്രി എംവി ഗോവിന്ദനും പി ശശിയെ പിന്തുണച്ചു. കമ്മിറ്റിയിൽ നടന്ന കാര്യങ്ങൾ പുറത്തുപറയാൻ ആകില്ലെന്നും പി ശശി ഭരണപരിചയമുള്ളയാളാണെന്നും പി.ജയരാജൻ പറഞ്ഞു.
പി.ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാക്കി തിരികെ എത്തിക്കുന്നതിൽ ഉയർന്ന വിമത സ്വരം പി.ജയരാജന്‍റെതാണ്. പി.ശശിയുടെ മുൻകാല വിവാദങ്ങൾ ഓർമ്മിപ്പിച്ചും ഇനിയും തെറ്റുകൾ ഉണ്ടാകാൻ ഇടയുണ്ടെന്നുമായിരുന്നു പി.ജയരാജന്‍റെ വിമർശനം. കോടിയേരി വരെ ഇടപെട്ടിട്ടും പി.ജയരാജൻ പിന്മാറാതെ വിഷയങ്ങൾ സംസ്ഥാന സമിതിയിൽ ഉന്നയിച്ചിരുന്നു.കണ്ണൂർ സിപിഎമ്മിലെ തന്നെ ചേരിതിരിവ് മറനീക്കിയ വിയോജിപ്പിൽ പി.ജയരാജൻ നേതൃത്വത്തിൽ ഒറ്റപ്പെടുകയാണ്.
കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് പി ശശിയുടെ മുൻഗാമിയായിരുന്ന മന്ത്രി എംവി ഗോവിന്ദനും ശശിക്കെതിരായ വിമർശനങ്ങൾ തള്ളി.നേതൃത്വം പി.ജയരാജന്‍റെ വിമർശനങ്ങൾ തള്ളുമ്പോഴും ഫാൻ ഗ്രൂപ്പായ റെഡ് ആർമി മാധ്യമ വാർത്തകൾക്ക് പിന്നാലെ പി.ജയരാജനെ വാഴ്ത്തി പോസ്റ്റിട്ടു. വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ കമ്മിറ്റിയിലെ ചർച്ചകൾ പുറത്ത് പറയാതെ പി.ജയരാജൻ അച്ചടക്കമുളള പാർട്ടി നേതാവായി.
ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് മുതൽ കണ്ണൂർ സിപിഎമ്മിൽ പി.ജയരാജനെ ദുർബലമാക്കുന്ന നടപടികൾ ഉണ്ടാകുന്നുവെന്ന് ആക്ഷേപങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്താൻ സീനിയോരിറ്റി ഉണ്ടായിട്ടും കഴിഞ്ഞ സമ്മേളനത്തിൽ പി.ജയരാജനെ തഴഞ്ഞതും ചർച്ചയായിരുന്നു.പാർട്ടി കോണ്‍ഗ്രസിന് ശേഷം ചേർന്ന ആദ്യ സംസ്ഥാന സമിതി യോഗത്തിലാണ് നേതൃത്വത്തിന്‍റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് പി ജയരാജന്‍റെ ഒറ്റപ്പെട്ട ശബ്ദമുയർന്നതെന്നതും ശ്രദ്ധേയം.