കണ്ണൂർ: പിവി അൻവർ എംഎൽഎ നടത്തുന്നത് ഗുരുതരമായ വഴി തെറ്റിക്കലാണെന്നും വലതു പക്ഷത്തിൻ്റെ നാവായി അൻവർ മാറിയെന്നും സിപിഎം നേതാവ് പി ജയരാജൻ. വലതുപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങൾ ആവർത്തിക്കുകയാണ് അൻവർ. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ എന്തിനാണ് തുടർച്ചയായി വാർത്താസമ്മേളനം നടത്തുന്നതെന്നും പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
ഇതിനുപിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരോപണങ്ങൾ എഴുതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണ്. ആരോപണങ്ങളിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ അൻവർ മര്യാദ പാലിക്കേണ്ടിയിരുന്നുവെന്നും ജയരാജൻ പറഞ്ഞു. പി ശശ്ശിക്കെതിരെയുള്ള ആരോപണത്തിൽ പ്രഥമദൃഷ്ടിയിൽ മുഖ്യമന്ത്രി കഴമ്പില്ലെന്ന് പറഞ്ഞാൽ അങ്ങനെതന്നെയാണ്. തെളിവുകളെ അടിസ്ഥാനപ്പെടുത്തി ആക്ഷേപിക്കേണ്ട. ശശിക്കെതിരെ തെളിവുകളൊന്നുമില്ലല്ലോ.
വർഷങ്ങൾക്ക് മുൻപ് പാർട്ടി കൂടിയാലോചിച്ച് തീരുമാനിച്ച കാര്യമാണ് കോടിയേരിയുടെ വിലാപയാത്ര. ഇപ്പോൾ അതിൽ ആരോപണം ഉന്നയിക്കേണ്ട കാര്യമെന്താണ്. ഒരു പാർട്ടി പ്രവർത്തകന്റെയും പിന്തുണ അൻവറിനുണ്ടാവില്ല. കഴിഞ്ഞവർഷമാണ് ഞാൻ ഗൾഫിൽ പോയത്. അൻവറിനെ കണ്ടിട്ടില്ല. അൻവറിന് പിന്നിൽ താൻ ആണെന്നുള്ളത് കള്ളപ്രചരണമാണ്. പാർട്ടി സമ്മേളനങ്ങളെ ലക്ഷ്യമിട്ടാണ് അൻവർ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നാണ് സംശയം. ഇടുക്കിയിലെ റിസോർട്ട് ഉദ്ഘാടനത്തിന് താൻ മാത്രമല്ല എംഎം മണി അടക്കമുള്ള നേതാക്കൾ എത്തിയിരുന്നുവെന്നും പി ജയരാജൻ പറഞ്ഞു.