കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശിനെതിരെ തില്ലങ്കേരിയിൽ പോയി പ്രസംഗിക്കാൻ പി ജയരാജനെ ചുമതലപ്പെടുത്തി സംസ്ഥാന നേതൃത്വം. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നാണ് നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകി.
പി ജയരാജനെ വാഴ്ത്തുന്ന പിജെ ആർമ്മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പി ജയരാജൻ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇക്കൂട്ടർ രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു. പക്ഷെ സമൂഹമാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘം. ഷുഹൈബ് വധം പാർട്ടി ഏൽപിച്ചിട്ട് താൻ ചെയ്തതാണ് വെളിപ്പെടുത്തി സിപിഎമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാൻ തീവ്രശ്രമം പാർട്ടി കച്ചകെട്ടി ഇറങ്ങുകയാണ്. സാക്ഷാൽ പി ജയരാജൻ തന്നെ നേരിട്ട് തില്ലങ്കേരിയിലെത്തി പൊതുയോഗത്തിൽ ആകാശിനെ തള്ളിപ്പറയണമെന്നന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്ന് നിശ്ചയിച്ചതായിരുന്നു. പി ജയരാജൻ്റെ ഫോട്ടോ ഉൾപെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കി.