കൊച്ചി: ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെ തള്ളി മന്ത്രി പി രാജീവ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാർട്ടിയുടെ നിലപാട്. 20-20 യുടെ ഉൾപ്പെടെ വോട്ടുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് പി രാജീവ് പറഞ്ഞു. കെ റെയില്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷം ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലതെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഎം ഇടപെട്ടതോടെ സാബു ജേക്കബിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിവി ശ്രീനിജിൻ എംഎല്‍എ പിൻവലിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി വി ശ്രീനിജൻ ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമെന്ന് ആവശ്യപ്പെട്ട് ശ്രീനിജൻ സാമൂഹിക മാധ്യമം വഴി പരിഹസിച്ചത്. ശ്രീനിജനുളള മറുപടി ഉപതെരഞ്ഞെടുപ്പ് ദിവസമുണ്ടാകുമെന്ന വെല്ലുവിളിയായിരുന്നു സാബു ജേക്കബിന്റെ മറുപടി.